ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനവും വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയം രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമാക്കിയ പ്രഖ്യാപനവും നടന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാംവർഷികത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾക്ക് തുടക്കമായി.
കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന ജീവൻജ്യോതി മിഷൻ അപ്പോസ്റ്റലേറ്റ് രൂപതാതലം, അസീസി ജൂബിലി ഉദ്ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് കാനാട്ട് മംഗളപത്ര സമർപ്പണം നടത്തി.
ഇടുക്കി രൂപത ചാൻസിലർ ഫാ. മാർട്ടിൻ പൊൻപനാൽ, സിസ്റ്റർ സീജ മരിയ സിഎംസി, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് അഡ്വ. ലിസി സിബിച്ചൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സഹവികാരിമാരായ ഫാ. ജെറിൻ ആയിലുമാലിൽ, ഫാ. ഐബിൻ കാരിശേരി, ട്രസ്റ്റിമാരായ ബേബി കൊല്ലമ്മാട്ടേൽ, ആംബ്രോസ് കുന്നംകോട്ട്, ദേവസ്യാ കുന്നത്ത്, ജയിംസ് മനപ്പുറത്ത്, മതാധ്യാപകർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധകലാപരിപാടികളും നടന്നു.